കാഞ്ഞിരപ്പുഴ: തുടർച്ചയായ വന്യമൃഗ ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ പ്രതിഷേധിച്ച് കിഫ കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി.
ഈ വർഷം ആരംഭിച്ചതിനുശേഷം പതിമൂന്ന് ജീവനുകൾ ആനയുടെ ആക്രമണത്തിൽമാത്രം നഷ്ടപ്പെട്ടു.
കേരളത്തിന്റെ സമസ്ത മലയോരമേഖലയിലും വന്യമൃഗ ആക്രമണങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന ഭീതിയിലാണ് ജനങ്ങൾ ജീവിക്കുന്നത്.
ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കുവാനുള്ള അവകാശം ഉറപ്പുവരുത്തുവാൻ ഭരണാധികാരികൾ ബാധ്യസ്ഥരാണെന്ന് പ്രതിഷേധജാഥ ഉദ്ഘാടനം ചെയ്ത കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര പറഞ്ഞു.
ജില്ലാ കോ- ഓർഡിനേറ്റർ ജോമി മാളിയേക്കൽ, വിൻസെന്റ് ഇലവുങ്കൽ എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ ജാഥയിൽ നൂറുകണക്കിനു കർഷകർ പങ്കെടുത്തു.